ക്രെഡിറ്റ് സ്യൂസേ : കര കയറാന്‍ 54 ബില്യണ്‍ ഡോളര്‍ പുതിയ കടം
തകര്‍ച്ചയുടെ വക്കില്‍നിന്നും കര കയറാന്‍ പ്രമുഖ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്യൂസേ 54 ബില്യണ്‍ ഡോളര്‍ സ്വിസ് സെന്‍ട്രല്‍ ബാങ്കില്‍ നിന്നും കടമെടുക്കുന്നു. നിക്ഷേപകരുടെ വിശ്വാസം തിരിച്ചു പിടിക്കാനും, ബാങ്കിന്റെ പണലഭ്യത (ലിക്വിഡിറ്റി) ഉറപ്പുവരുത്തുന്നതിനും വായ്പ സഹായിക്കുമെന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ നിക്ഷേപകരുടെ പ്രീതി തിരികെ പിടിക്കാന്‍ ഈ നടപടി മാത്രം മതിയാവില്ലെന്നു ചില വിശകലന വിദഗ്ധര്‍ കരുതുന്നതായി റോയിട്ടേര്‍ഴസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗോള ബാങ്കിംഗ്-ധന വിപണികളെ ഗ്രസിച്ച ആശങ്കകള്‍ക്ക് താല്‍ക്കാലികമായെങ്കിലും ആശ്വാസം നല്‍കുന്നതാണ് വ്യാഴാഴ്ച്ച പ്രഖ്യാപിച്ച സ്വിസ് സെന്‍ട്രല്‍ ബാങ്കില്‍ നിന്നുള്ള ഈ വായ്പ തീരുമാനമെന്നു കരുതപ്പെടുന്നു. ക്രെഡിറ്റ് സ്യൂസേയിലെ സ്ട്രാറ്റജിക് നിക്ഷേപകരായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി, സൗദിയിൽ നിന്നുള്ള നിക്ഷേപക കൂട്ടായ്മയായ ഒയാലന്‍ ഗ്രൂപ്പ് (Oyalan Group) എന്നിവരില്‍ നിന്നും സഹായം ലഭിക്കുന്നതിന് ഈ തീരുമാനം സഹായകമാവുമെന്നും കരുതപ്പെടുന്നു.
ക്രെഡിറ്റ് സ്യൂസേയുടെ പക്കലുള്ള നിരവധി ആസ്തികള്‍ വിറ്റഴിക്കലാണ് മറ്റൊരു മാര്‍ഗ്ഗം. സൂറിക്ക് ഓഹരി വിപണിയുടെ നടത്തിപ്പുകാരായ SIX ഗ്രൂപ്പിലടക്കം പങ്കാളിത്തമുള്ള അസറ്റ് മാനേജ്‌മെന്റ് ബിസിനസ്സ് ക്രെഡിറ്റ് സ്യൂസേയുടെ ഉടമസ്ഥതയിലുണ്ട്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ബിസിനസ്സ് വേര്‍പെടുത്തുവാന്‍ ക്രെഡിറ്റ് സ്യൂസേ നേരത്തെ തീരുമാനച്ചിരുന്നു.
സമ്പത്ത് കൈകാര്യം (വെല്‍ത്ത് മാനേജ്‌മെന്റ്) ചെയ്യുന്ന ലോകത്തിലെ ഏറ്റവും പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ക്രെഡിറ്റ് സ്യൂസേ ആഗോളതലത്തില്‍ ബാങ്കിംഗ്-ധന മേഖലയെ മൊത്തത്തില്‍ സ്വാധീനശേഷിയുള്ള (സിസ്റ്റമിക്കലി ഇംപോര്‍ട്ടന്റ്) 30 സ്ഥാപനങ്ങളില്‍ ഒന്നാണ്. അങ്ങനെയുള്ള ഒരു സ്ഥാപനം തകരുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ആഗോള ധനമേഖലയെ മൊത്തം ബാധിക്കുന്നതാണെന്നു കരുതപ്പെടുന്നു.
1856 ല്‍ സ്ഥാപിതമായ 167 വര്‍ഷം പഴക്കമുള്ള ക്രെഡിറ്റ് സ്യൂസേയുടെ ആസ്ഥാനം സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിക്കാണ്. 50 രാജ്യങ്ങളിലായി 150 ഓളം ഓഫീസുകളും, 50,000 ത്തോളം ജീവനക്കാരുമുള്ള ഈ സ്ഥാപനം 2021 ലെ കണക്കനുസരിച്ച് 1.6 ട്രില്യണ്‍ സ്വിസ് ഫ്രാങ്ക് മൂല്യമുള്ള ആസ്തികള്‍ കൈകാര്യം ചെയ്യുന്നു. അര്‍ച്ചിഗോസ് (Archegos), ഗ്രീന്‍സില്‍ ക്യാപിറ്റല്‍ എന്നീ നിക്ഷേപക ഫണ്ടുകള്‍ 2021 ല്‍ തകര്‍ന്നതോടെയാണ് ക്രെഡിറ്റ് സ്യുസേയുടെ ഓഹരി വില കൂപ്പുകുത്താന്‍ തുടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അതിന്റെ ഓഹരി വില 75 ശതമാനം കുറഞ്ഞു.
.